G.H.S.S THATTATHUMALA

*****************************[320px-Pr.jpg]

Thursday, 25 January 2018

നവതയുടെ മികവുകളിലേയ്ക്ക് മിഴിതുറന്ന്

നവതയുടെ മികവുകളിലേയ്ക്ക്  മിഴിതുറന്ന്
തട്ടത്തുമല ഗവ.എച്ച്.എസ്.എസ്



കെ.ജി.ബിജു (പി ടി.എ പ്രസിഡന്റ്‌)

അറിവിന്റെയും സ‍ര്‍ഗാത്മകതയുടെയും ആധുനികസൗകര്യങ്ങളുടെയും വിശാലമായ ലോകത്തേയ്ക്ക് മിഴി തുറക്കുകയാണ് നമ്മുടെ സ്കൂള്‍. പ്രീപ്രൈമറി മുതല്‍ ഹയ‍ര്‍ സെക്കന്‍ഡറി വരെ എല്ലാ ക്ലാസുകളിലും ലാപ്ടോപ്പും പ്രൊജക്ടറുകളും മള്‍ട്ടി മീഡിയ സൗണ്ട് സിസ്റ്റവും സ്ഥാപിക്കുന്നു. പത്തു കമ്പ്യൂട്ടറുകള്‍ വീതമുള്ള രണ്ട് എയ‍ര്‍ കണ്ടീഷന്‍ഡ് കമ്പ്യൂട്ടര്‍ ലാബുകള്‍ എല്‍പി യുപി വിഭാഗങ്ങള്‍ക്ക് സ്വന്തമാകുന്നു. എന്നാല്‍ അതുക്കുംമേലെ ആക‍ര്‍ഷകവും ക്രിയാത്മകവുമായിരിക്കും "മിഴി" എന്ന ഇന്‍ററാക്ടീവ് ചാനല്‍.

ആധുനികസൗകര്യങ്ങളുള്ള മീഡിയാ റൂം. എല്ലാ ക്ലാസുകളിലേയ്ക്കുമുള്ള കണക്ടിവിറ്റി. മീഡിയാ റൂമില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ക്ലാസ് മുറികളിലിരുന്ന് ഒരു ചാനലിലെന്നവണ്ണം ഇനി കാണാനാകും. പൊരിവെയിലത്ത് ദീ‍ര്‍ഘനേരം കുട്ടികള്‍ക്കു നില്‍ക്കേണ്ടി വരുന്ന സ്കൂള്‍ അസംബ്ലിയും ഇനി പഴങ്കഥയാകും. ഓരോ ക്ലാസുകള്‍ക്കും ചുമതല നല്‍കി സ്കൂള്‍ അസംബ്ലികളുടെ എണ്ണം കൂട്ടാം, ഉച്ചയ്ക്കുള്ള ഇടവേളകളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാം, ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും വാ‍ര്‍ത്തകള്‍ വായിക്കാം. സെമിനാറുകള്‍ നടത്താം, പൊതുവായ ക്ലാസുകള്‍ സംഘടിപ്പിക്കാം. ഇപ്പോള്‍ത്തന്നെ ഇന്‍ററാക്ടീവ് ചാനലുകളുള്ള മറ്റു സ്കൂളുകളുമായി ബന്ധം സ്ഥാപിക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വിദഗ്ധ‍ര്‍ക്ക് സ്കൂളില്‍ വരാതെ തന്നെ കുട്ടികളോട് തത്സമയം സംവദിക്കാം... അങ്ങനെ സാധ്യതകളുടെ മഹാവൈവിദ്ധ്യങ്ങളിലേയ്ക്കാണ് സ്കൂളിന്റെ മിഴി തുറക്കുന്നത്.

ക്ലാസിനുള്ളില്‍ മാത്രമല്ല, "മിഴി" ചാനല്‍ ദൃശ്യമാവുക. ഒരു മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാകുന്നുണ്ട്. ലോകത്തെവിടെയുമുള്ളവര്‍ക്ക് ഒരു സ്മാര്‍ട് ഫോണിലൂടെ നമ്മുടെ സ്കൂളിലെ കുട്ടികളുടെ സര്‍ഗപ്രകടനങ്ങള്‍ കാണാനാവും. നമ്മുടെ നാട്ടുകാരും പൂ‍ര്‍വവിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളുമൊക്കെ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. അവരുടെ അഭിനന്ദനങ്ങളും പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളുമൊക്കെ സ്കൂളിലേയ്ക്കു പെയ്യട്ടെ.

വൈവിദ്ധ്യമാ‍ര്‍ന്ന കഴിവുകള്‍ക്കുടമകളാണ് കുട്ടികള്‍. അവയുടെ പ്രകാശനത്തിനൊരു മികച്ച നിലവാരമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്കും പൂ‍‍ര്‍വവിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും മറ്റു പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമൊക്കെ ഒരു സമ്പ‍ര്‍‌ക്കസംവിധാനമായി "മിഴി" പ്രവര്‍ത്തിക്കും.

കഴിവും സാമര്‍ത്ഥ്യവുമുള്ള നമ്മുടെ മികച്ച അധ്യാപകര്‍ക്ക് സാമൂഹ്യമായ ഒരു പിന്തുണാ സംവിധാനമായി ഈ സംരംഭവും തുടര്‍ പ്രവര്‍ത്തനങ്ങളും മാറുമെന്ന് പ്രത്യാശിക്കാം. നമ്മുടെ പൊതു വിദ്യാലയങ്ങളെ അന്ത‍ര്‍ദേശീയ നിലവാരത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രൂപം നല്‍കിയത്. വന്‍തോതില്‍ സാമ്പത്തിക സഹായം പൊതുവിദ്യാലയങ്ങള്‍ക്ക് ലഭ്യമാകുന്നു. ജനകീയ പിന്തുണ സ്കൂളുകള്‍ക്ക് ഉറപ്പുവരുത്താന്‍ പലതലങ്ങളില്‍ പരിപാടികളുണ്ട്. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് എന്തു സഹായവും ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്കൂളുമായി ജൈവബന്ധം സ്ഥാപിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനും സീനിയ‍ര്‍ അസിസ്റ്റന്റുമായ ജി പി ലാല്‍ ആണ് നമ്മുടെ ചാനലിന് മിഴിയെന്ന പേര് നിര്‍ദ്ദേശിച്ചത്. അടിപൊളിയൊരു ലോഗോ ചെയ്തത് ടെക്ജെൻഷ്യയിലെ അഭിലാഷ് ശശിധരൻ. ഇരുവർക്കും മനംനിറഞ്ഞ അഭിനന്ദനങ്ങള്‍. ഇക്കഴിഞ്ഞ ശാസ്ത്രമേളയിലും തുടര്‍ന്ന് സബ്ജില്ലാ യൂത്ത് ഫെസ്റ്റിവെലിലും സ്കൂളില്‍ കണ്ട ഉണര്‍വ് നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇച്ഛാശക്തിയും ഭാവനയുമുള്ള ഹെഡ്മിസ്ട്രസും പ്രിന്‍സിപ്പലും നമുക്കുണ്ട്. അവര്‍‌ക്കൊപ്പം നല്ലൊരു ടീമും ആയിക്കഴിഞ്ഞു.

അവര്‍ക്കു വേണ്ട പിന്തുണയാണ് സമൂഹം നല്‍കേണ്ടത്. ഏറ്റവും ഫലപ്രദമായി ആ പിന്തുണ നല്‍കാന്‍ മിഴി ചാനലിനു കഴിയുമെന്നാണ് പ്രത്യാശ.

ഈ സംവിധാനങ്ങളുടെയെല്ലാം ഉദ്ഘാടനം വരുന്ന ഫെബ്രുവരി 9 വെള്ളിയാഴ്ച സ്കൂളില്‍ നടക്കും. ബഹുമാന്യരായ ഡോ. ടി. എം. തോമസ് ഐസക്കും പ്രൊഫ. സി. രവീന്ദ്രനാഥും സ്കൂളിലെത്തുന്നു. ഉദ്ഘാടനവും തുടര്‍ന്ന് സ്കൂള്‍ വാര്‍ഷികവും മിഴി ചാനല്‍ വഴി ലൈവായി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാമെന്നാണ് കരുതുന്നത്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ഇതൊക്കെ സാധ്യമാകാന്‍ നമ്മെ സഹായിച്ച ഒത്തിരിപ്പേരുണ്ട്. അവരില്‍ പേരെടുത്തു പറയേണ്ടത് രണ്ടുപേരെയാണ്. എം ഗോപകുമാറും ജോയ് സെബാസ്റ്റ്യനും. വാക്കുകളിലൂടെയോ ഭാവങ്ങളിലൂടെയോ അവര്‍ക്കുള്ള നന്ദി യഥാവിധി പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ഒരു നാട് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. തല്‍ക്കാലം അത്രമാത്രം പറയാം.


സ്വാഗതസംഘം


സ്വാഗതസംഘം
2018 ജനുവരി 17

Thursday, 4 January 2018

ഉപജില്ലാ സ്കൂൾ കലോത്സവം

ഉപജില്ലാ സ്കൂൾ കലോത്സവം

കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം  2017 നവംബർ 27-ന് തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. 27,28,29 തീയതികളിൽ തട്ടത്തുമല ഗവ. എച്ച്.എസ്.എസിലാണ് കലോത്സവം നടക്കുന്നത്. രചനാ മത്സരങ്ങൾ 26-ന് കിളിമാനൂർ ടൗൺ യു പി എസിൽ നടന്നു. മറ്റ് മത്സരങ്ങൾ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ആറ് വേദികളിലും തൊറ്റടുത്തുള്ള അൽഹിദായ യത്തീം ഖാനയിലെ രണ്ട് വേദികളിലുമാണ് നടക്കുന്നത്.  സമാപന സമ്മേളനം 29-ന് വൈകുന്നേരം സ്കൂൾ ആഡിറ്റോറിയത്തിൽ (വേദി 1)നടക്കും. നല്ല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കലോത്സവം.
ദേശാഭിമാനി വാർത്ത ചുവടെ:

കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

കിളിമാനൂര്‍
ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ  ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി.  പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു. അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍  തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Thursday, 13 November 2014

വിളവെടുപ്പ് ഉദ്ഘാടനം

വിളവെടുപ്പ് ഉദ്ഘാടനം 

 തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ പച്ചക്കറി കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഘുനാഥൻ സാർ നിർവ്വഹിച്ചു. 

ഉദ്ഘാടനം

പി.ടി.എ പ്രസിഡന്റ് ജി. വിക്രമന് പഞ്ചായത്ത് പ്രസിഡന്റ് പയർ നൽകുന്നു


കൺ നിറയെ പയർ......


പി.ടി.എ പ്രസിഡന്റിന് കൗതുകമുണർത്തിയ  വിളവ് സൂക്ഷ്മ നിരീക്ഷണം നടത്തുന്നു


എത്ര മനോഹരം ഈ പാവയ്ക്കകൾ

പാവലിനും പാവയ്ക്കയ്ക്കും നോവാതെ......

ഇതാണ് സാർ നീളൻ പയർ


സൂക്ഷ്മതയോടെ വിളവെടുക്കുന്ന അദ്ധ്യാപകനും പി.ടി.എ പ്രസിഡന്റും

ഒന്ന് തൊട്ടു നോക്കാതിരിക്കുന്നതെങ്ങനെ? 


എല്ലാവരും വിളവെടുപ്പിന്റെ സന്തോഷത്തിലാണ്

Friday, 11 October 2013

സ്കൂൾബസ്

സ്കൂൾബസ്

തട്ടത്തുമല, 2013 ഒക്ടോബർ 11:  തട്ടത്തുമല ഗവ. എച്ച്.എസ്.എസിനു സ്കൂൾബസ് വാങ്ങാൻ ആദ്യ സംഭാവന പതിനായിരം രൂപാ കോൺഗ്രസ്സ് നേതാവ് ശ്രീ.എം.എം. ബഷീർ നൽകി. കമ്മിറ്റിയ്ക്കുവേണ്ടി തുക പി.ടി.എ പ്രസിഡന്റ് ജി. വിക്രമൻ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രനെയും ചിത്രത്തിൽ കാണാം. 



തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ സ്കൂൾബസ് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രത്യേക ജനകീയ കമ്മിറ്റി ഇന്ന് സ്കൂളിൽ യോഗം ചേർന്ന് ഭാവിപരിപാടികൾ ആലോചിച്ചു. അടുത്ത തിങ്കളാഴ്ച (2013 ഒക്ടോബർ 14) മുതൽ ഫണ്ട് ശേഖരണപ്രവർത്തനം ആരംഭിക്കും. ഇന്നത്തെ കമ്മിറ്റിയിൽ വച്ച് കമ്മിറ്റി അംഗം ശ്രി.എം.എം. ബഷീർ തന്റെ അനുജൻ പ്രവാസി മലയാളി സലിമിൽ നിന്ന് സ്വരൂപിച്ച പതിനായിരം രൂപ പി.ടി.എ പ്രസിഡന്റിനു കൈമാറി. തുടർന്ന് കമ്മിറ്റി അംഗം വാസുദേവൻ പിള്ള സാർ പതിനായിരം രൂപാ വാഗ്ദാനം ചെയ്തു. ഇന്ന് കമ്മിറ്റിഅംഗങ്ങളിൽ നിന്നു തന്നെ മൊത്തം ഏകദേശം അൻപതിനായിരത്തോളം രൂപ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു മാസത്തെ ശമ്പളം മൊത്തമായും വാഗ്ദാനം ചെയ്ത സർക്കാർ ജീവനക്കാരും സമീപത്തെ പാരലൽ കോളേജുകളും ഉൾപ്പെടുന്നു. ഫണ്ട് ശേഖരണത്തിനിറങ്ങും മുമ്പുതന്നെ നല്ല തുകകൾ വേറെയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം നാല്പത്തിനാലായിരത്തോളം രൂപാ ഇന്ന് കമ്മിറ്റി അംഗങ്ങൾമാത്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പതിമൂന്ന് ലക്ഷം രൂപയാണ് ബസ് വാങ്ങാൻ മൊത്തം വേണ്ടത്. അഞ്ച് ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഇനിയും നട്ടുകാരുടെ ഉദാരമായ സംഭാവനകൾകൊണ്ടു മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ബസ് വാങ്ങുന്ന ആവശ്യത്തിലേയ്ക്ക് കാനറാ ബാങ്കിന്റെ കിളിമാനൂർ ശാഖയിൽ ഹെഡ്മിസ്ട്രസ്സ്, പി.ടി.എ പ്രസിഡന്റ്, ജനറൽ കൺവീനർ എന്നിവരുടെ പേരിൽ ഒരു പ്രത്യേക ജോയിന്റ് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് നേരിട്ട് ഈ നമ്പരിൽ സംഭാവനകൾ ഇടാവുന്നതാണ്. സംഭാവനകൾ നൽകുന്നവർ പേരുവിവരവും സംഭാവന തുകയും കമ്മിറ്റി അംഗങ്ങളിൽ ആരെയെങ്കിലും അറിയിക്കാൻ കൂടി ശ്രദ്ധിക്കുക. 


Account number 3475101003413, IFC CNRB0003475

Monday, 9 September 2013

സ്കൂൾബസ്: ആലോചനായോഗം നടന്നു

സ്കൂൾബസ്:  ആലോചനായോഗം നടന്നു

തട്ടത്തുമല, 2013 ആഗസ്റ്റ് 31: തട്ടത്തുമല ഗവ.എച്ച്.എസ്.എസിനു ബസ് വാങ്ങുന്നു. ഇതേക്കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് സ്കൂളിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം ചേർന്നു. ബസ് വാങ്ങുന്നതിനായി ആറ്റിങ്ങൽ എം.എൽ.എ ബി. സത്യന്റെ ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ട്. സ്കൂളിലെ  അദ്ധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന്   രണ്ടേകാൽ ലക്ഷം രൂപയോളം  സംഭാവന നൽകും. എന്നാൽ ഈ തുകകൊണ്ട് ഉദ്ദേശിക്കുന്ന ബസ് വാങ്ങാൻ കഴിയില്ല.  ബാക്കി വരുന്ന തുക പിരിക്കണം. ആകെ കുറഞ്ഞത് പന്ത്രണ്ട് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 4-ന് സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ഇന്നത്തെ യോഗത്തിൽ നിർദ്ധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. കാനഡയിൽ റിസർച്ച് സ്കോളറായ പൂർവ്വവിദ്യാർത്ഥി സിയാദും കൂട്ടുകാരും ചേർന്ന് ഏർപ്പെടുത്തിയ ധനസഹായം കൊണ്ടാണ് ഈ അഞ്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കിയത്. ബ്ലോക്ക് പ്ഞ്ചായത്ത് മെമ്പർ ബിന്ദു രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർ അംബികാ കുമാരി, അഡ്വ. എസ്. ജയച്ചന്ദ്രൻ, എം.എം.ബഷീർ, ആർ. വാസുദേവൻ പിള്ള, ബി.ജയതിലകൻ നായർ, പി.റോയ്, പള്ളം ബാബു തുടങ്ങിയവർ    യോഗത്തിൽ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജി. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.

Saturday, 4 May 2013

തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്


തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്.................
ഷെയർചെയ്യാനും മറക്കരുത്..................

തട്ടത്തുമല ഗവ,എച്ച്.എസ്.എസിലെ പൂർവ്വവിദ്യാർത്ഥികളോട്, തട്ടത്തുമലക്കാരായ പ്രവാസികളോട്, രക്ഷകർത്താക്കളോട്, നാട്ടുകാരോട്, നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരോടും.......

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ സ്വന്തം സർക്കാർ സ്കൂളായ തട്ടത്തുമല ഗവ.എച്ച്.എസ്.എസിനെ സംരക്ഷിക്കുക, സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക, പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിക്കുക, അദ്ധ്യാപകരെ ആദരിക്കുക തുടങ്ങിയ ബഹുമുഖ കർമ്മപദ്ധതികളുമായി കഴിഞ്ഞ വർഷം മുതൽ പി.ടി.എയ്ക്ക് പുറമേ നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് സ്കൂൾ വികസന സമിതി രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം കിളിമാനൂർ ബ്ലോക്കിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിൽനിന്നും പ്രസ്തുത പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കാൻ അനുമോദന സമ്മേളനം നടത്തുകയും വിജയിച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനായി വികസന സമിതി സ്വരൂപിച്ച പണത്തിൽ മിച്ചമുണ്ടായിരുന്നത് ചെലവഴിച്ച് വിദ്യാർത്ഥികൾക്കും സ്കൂളിനും പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ പിന്നീടും സ്കൂളിൽ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം വികസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് നാട്ടുകാർക്കും നാട്ടിലുള്ള പൂർവ്വവിദ്യാർത്ഥികൾക്കും പുറമേ പ്രവാസികളായ തട്ടത്തുമല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നിർലോഭമായ സഹായങ്ങൾ നൽകിയിരുന്നു. ഇത്തവണയും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായുള്ള ഈ പരിപാടികൾ പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് വിജയിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ മേഖലയിലെ ഉയർന്ന വിജയശതമാനം (97.4) തട്ടത്തുമല ഗവ.എച്ച്.എസ്.എസ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ പ്ലസ്-ടു റിസൾട്ടും ഏതാനും ദിവസങ്ങൾക്കുള്ളിൽ വരും. അതിലും കഴിഞ്ഞ വർഷത്തെപ്പോലെ മികച്ച വിജയം പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പ്ലസ്- ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനും സ്കൂൾ അദ്ധ്യാപകരെയും പരിസരത്തെ പാരലൽ കോളേജ് അദ്ധ്യാപകരെയും ആദരിക്കുന്നത്തിനും വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നതിനുമായി സ്കൂളിൽ അനുമോദന സമ്മേളനം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. ഇതിലേയ്ക്ക് നല്ലൊരു സാമ്പത്തിക ബാദ്ധ്യത പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും നാട്ടിലും വിദേശത്തുമുള്ള പൂർവ്വവിദ്യാർത്ഥികളും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടുകാരും ഉദ്യോഗാർത്ഥികളും വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ ‌(പ്രവാസികൾ അടക്കം‌) പലരും മുൻ‌വർഷത്തെ പോലെ ഇത്തവണയും അവരവരുടെ ശേഷിക്കനുസരിച്ച സംഭാവനകൾ വാഗ്‌ദാനം നൽകിയിട്ടുണ്ട്. പലരും ഇതിനകം സംഭാവനകൾ നൽകിയിട്ടുമുണ്ട്. ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളർ ആയിട്ടുള്ള നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സിയാദും സുഹൃത്തുക്കളും ചേർന്ന് - (സിയാദ് ഉബൈദ് (കാനഡ)
ജിതീഷ് കുമാർ (ജപ്പാൻ), ജോമോൻ മാത്യൂ (ഇസ്രായേൽ), റിയാ റച്ചേൽ (ഡൽഹി),
അമൽ മേരീ ജോസ് (കാനഡ‌)-  നിർദ്ധനരായ പത്ത്  കുട്ടികൾക്ക് ഓരോരുത്തർക്കും പാഠപുസ്തകങ്ങൾ, നോട്ട് ബൂക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, ഓരോ ജോഡി യൂണിഫോം എന്നിവ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുള്ള പണം ഉടൻ അവർ എത്തിക്കുന്നതാണ്.

ഇനിയും നാട്ടിലും വിദേശത്തുമുള്ള നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും രക്ഷകർത്താക്കളും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായി കഴിയുന്നത്ര സഹായങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള സഹായം എത്തിക്കാൻ കഴിയുന്നവർ ഉടൻ ബന്ധപ്പെടുക. മേയ് 20 നോ 22 നോ ആയിരിക്കും അനുമോദന സമ്മേളനം നടക്കുക. ഇപ്പോൾ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളിൽ മിച്ചമുണ്ടെങ്കിൽ അത് കഴിഞ്ഞ വർഷത്തെ പോലെ സ്കൂളിൽ പഠന സഹായവുമായി ബന്ധപ്പട്ടകാര്യങ്ങൾക്കും സ്ക്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കും.

നമ്മുടെ നാട്, നമ്മുടെ സ്കൂൾ; അത് നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്. എല്ലാവരും സഹകരിക്കുക.

സംഭാവനകൾ അയക്കാൻ ആഗ്രഹിക്കുന്നവർ ഇ.എ.സജിം, കെ.ജി. ബിജു എന്നിവരെയോ, വികസന സമിതിയുമായി ബന്ധപ്പെട്ട മറ്റുള്ള ആരെയെങ്കിലുമോ ഉടൻ ബന്ധപ്പെടുക. പ്രവാസികൾക്ക് സംഭാവനകൾ അയക്കാൻ ആ‍വശ്യമെങ്കിൽ അറിയിച്ചാൽ ബാങ്ക് അക്കൌണ്ട് നമ്പർ അയച്ചു തരുന്നതാണ്. ബാങ്ക് അക്കൌണ്ട് വഴി സംഭവനകൾ അയക്കുന്നവർ നിർബന്ധമായും ആ വിവരം ടെലിഫോൺ, മെസ്സേജ്, ഇ-മെയിൽ എന്നിവ വഴിയോ ഫെയ്സ് ബൂക്ക്, ബ്ലോഗ് എന്നിവ വഴി പരസ്യമായോ അറിയിച്ചിരിക്കണം. ഇവിടെ കമന്റ് വഴിയും പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക് ഇപ്പോൾ ബന്ധപ്പെടാവുന്ന നമ്പരുകൾ:

9446272270-ഇ.എ.സജിം
9447791544-കെ.ജി.ബിജു

email: easajim@gmail.com

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് വികസനസമിതിയ്ക്കുവേണ്ടി പ്രസിദ്ധീ‍കരിക്കുന്നത്.