G.H.S.S THATTATHUMALA

*****************************[320px-Pr.jpg]

Thursday, 4 January 2018

ഉപജില്ലാ സ്കൂൾ കലോത്സവം

ഉപജില്ലാ സ്കൂൾ കലോത്സവം

കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം  2017 നവംബർ 27-ന് തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. 27,28,29 തീയതികളിൽ തട്ടത്തുമല ഗവ. എച്ച്.എസ്.എസിലാണ് കലോത്സവം നടക്കുന്നത്. രചനാ മത്സരങ്ങൾ 26-ന് കിളിമാനൂർ ടൗൺ യു പി എസിൽ നടന്നു. മറ്റ് മത്സരങ്ങൾ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ആറ് വേദികളിലും തൊറ്റടുത്തുള്ള അൽഹിദായ യത്തീം ഖാനയിലെ രണ്ട് വേദികളിലുമാണ് നടക്കുന്നത്.  സമാപന സമ്മേളനം 29-ന് വൈകുന്നേരം സ്കൂൾ ആഡിറ്റോറിയത്തിൽ (വേദി 1)നടക്കും. നല്ല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കലോത്സവം.
ദേശാഭിമാനി വാർത്ത ചുവടെ:

കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

കിളിമാനൂര്‍
ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ  ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി.  പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു. അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍  തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Thursday, 13 November 2014

വിളവെടുപ്പ് ഉദ്ഘാടനം

വിളവെടുപ്പ് ഉദ്ഘാടനം 

 തട്ടത്തുമല ഗവ.എച്ച്.എസ്.എസിലെ പച്ചക്കറി കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രഘുനാഥൻ സാർ നിർവ്വഹിച്ചു. 

ഉദ്ഘാടനം

പി.ടി.എ പ്രസിഡന്റ് ജി. വിക്രമന് പഞ്ചായത്ത് പ്രസിഡന്റ് പയർ നൽകുന്നു


കൺ നിറയെ പയർ......


പി.ടി.എ പ്രസിഡന്റിന് കൗതുകമുണർത്തിയ  വിളവ് സൂക്ഷ്മ നിരീക്ഷണം നടത്തുന്നു


എത്ര മനോഹരം ഈ പാവയ്ക്കകൾ

പാവലിനും പാവയ്ക്കയ്ക്കും നോവാതെ......

ഇതാണ് സാർ നീളൻ പയർ


സൂക്ഷ്മതയോടെ വിളവെടുക്കുന്ന അദ്ധ്യാപകനും പി.ടി.എ പ്രസിഡന്റും

ഒന്ന് തൊട്ടു നോക്കാതിരിക്കുന്നതെങ്ങനെ? 


എല്ലാവരും വിളവെടുപ്പിന്റെ സന്തോഷത്തിലാണ്

Friday, 11 October 2013

സ്കൂൾബസ്

സ്കൂൾബസ്

തട്ടത്തുമല, 2013 ഒക്ടോബർ 11:  തട്ടത്തുമല ഗവ. എച്ച്.എസ്.എസിനു സ്കൂൾബസ് വാങ്ങാൻ ആദ്യ സംഭാവന പതിനായിരം രൂപാ കോൺഗ്രസ്സ് നേതാവ് ശ്രീ.എം.എം. ബഷീർ നൽകി. കമ്മിറ്റിയ്ക്കുവേണ്ടി തുക പി.ടി.എ പ്രസിഡന്റ് ജി. വിക്രമൻ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു രാമചന്ദ്രനെയും ചിത്രത്തിൽ കാണാം. തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ സ്കൂൾബസ് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രത്യേക ജനകീയ കമ്മിറ്റി ഇന്ന് സ്കൂളിൽ യോഗം ചേർന്ന് ഭാവിപരിപാടികൾ ആലോചിച്ചു. അടുത്ത തിങ്കളാഴ്ച (2013 ഒക്ടോബർ 14) മുതൽ ഫണ്ട് ശേഖരണപ്രവർത്തനം ആരംഭിക്കും. ഇന്നത്തെ കമ്മിറ്റിയിൽ വച്ച് കമ്മിറ്റി അംഗം ശ്രി.എം.എം. ബഷീർ തന്റെ അനുജൻ പ്രവാസി മലയാളി സലിമിൽ നിന്ന് സ്വരൂപിച്ച പതിനായിരം രൂപ പി.ടി.എ പ്രസിഡന്റിനു കൈമാറി. തുടർന്ന് കമ്മിറ്റി അംഗം വാസുദേവൻ പിള്ള സാർ പതിനായിരം രൂപാ വാഗ്ദാനം ചെയ്തു. ഇന്ന് കമ്മിറ്റിഅംഗങ്ങളിൽ നിന്നു തന്നെ മൊത്തം ഏകദേശം അൻപതിനായിരത്തോളം രൂപ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു മാസത്തെ ശമ്പളം മൊത്തമായും വാഗ്ദാനം ചെയ്ത സർക്കാർ ജീവനക്കാരും സമീപത്തെ പാരലൽ കോളേജുകളും ഉൾപ്പെടുന്നു. ഫണ്ട് ശേഖരണത്തിനിറങ്ങും മുമ്പുതന്നെ നല്ല തുകകൾ വേറെയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം നാല്പത്തിനാലായിരത്തോളം രൂപാ ഇന്ന് കമ്മിറ്റി അംഗങ്ങൾമാത്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പതിമൂന്ന് ലക്ഷം രൂപയാണ് ബസ് വാങ്ങാൻ മൊത്തം വേണ്ടത്. അഞ്ച് ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഇനിയും നട്ടുകാരുടെ ഉദാരമായ സംഭാവനകൾകൊണ്ടു മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ. ബസ് വാങ്ങുന്ന ആവശ്യത്തിലേയ്ക്ക് കാനറാ ബാങ്കിന്റെ കിളിമാനൂർ ശാഖയിൽ ഹെഡ്മിസ്ട്രസ്സ്, പി.ടി.എ പ്രസിഡന്റ്, ജനറൽ കൺവീനർ എന്നിവരുടെ പേരിൽ ഒരു പ്രത്യേക ജോയിന്റ് അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് നേരിട്ട് ഈ നമ്പരിൽ സംഭാവനകൾ ഇടാവുന്നതാണ്. സംഭാവനകൾ നൽകുന്നവർ പേരുവിവരവും സംഭാവന തുകയും കമ്മിറ്റി അംഗങ്ങളിൽ ആരെയെങ്കിലും അറിയിക്കാൻ കൂടി ശ്രദ്ധിക്കുക. 


Account number 3475101003413, IFC CNRB0003475

Monday, 9 September 2013

സ്കൂൾബസ്: ആലോചനായോഗം നടന്നു

സ്കൂൾബസ്:  ആലോചനായോഗം നടന്നു

തട്ടത്തുമല, 2013 ആഗസ്റ്റ് 31: തട്ടത്തുമല ഗവ.എച്ച്.എസ്.എസിനു ബസ് വാങ്ങുന്നു. ഇതേക്കുറിച്ച് ആലോചിക്കുന്നതിനായി ഇന്ന് സ്കൂളിൽ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം ചേർന്നു. ബസ് വാങ്ങുന്നതിനായി ആറ്റിങ്ങൽ എം.എൽ.എ ബി. സത്യന്റെ ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ട്. സ്കൂളിലെ  അദ്ധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന്   രണ്ടേകാൽ ലക്ഷം രൂപയോളം  സംഭാവന നൽകും. എന്നാൽ ഈ തുകകൊണ്ട് ഉദ്ദേശിക്കുന്ന ബസ് വാങ്ങാൻ കഴിയില്ല.  ബാക്കി വരുന്ന തുക പിരിക്കണം. ആകെ കുറഞ്ഞത് പന്ത്രണ്ട് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 4-ന് സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ഇന്നത്തെ യോഗത്തിൽ നിർദ്ധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് സൌജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. കാനഡയിൽ റിസർച്ച് സ്കോളറായ പൂർവ്വവിദ്യാർത്ഥി സിയാദും കൂട്ടുകാരും ചേർന്ന് ഏർപ്പെടുത്തിയ ധനസഹായം കൊണ്ടാണ് ഈ അഞ്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കിയത്. ബ്ലോക്ക് പ്ഞ്ചായത്ത് മെമ്പർ ബിന്ദു രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർ അംബികാ കുമാരി, അഡ്വ. എസ്. ജയച്ചന്ദ്രൻ, എം.എം.ബഷീർ, ആർ. വാസുദേവൻ പിള്ള, ബി.ജയതിലകൻ നായർ, പി.റോയ്, പള്ളം ബാബു തുടങ്ങിയവർ    യോഗത്തിൽ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജി. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.

Saturday, 4 May 2013

തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്


തട്ടത്തുമലക്കാർ വായിക്കാതെ പോകരുത്.................
ഷെയർചെയ്യാനും മറക്കരുത്..................

തട്ടത്തുമല ഗവ,എച്ച്.എസ്.എസിലെ പൂർവ്വവിദ്യാർത്ഥികളോട്, തട്ടത്തുമലക്കാരായ പ്രവാസികളോട്, രക്ഷകർത്താക്കളോട്, നാട്ടുകാരോട്, നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന എല്ലാവരോടും.......

പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ സ്വന്തം സർക്കാർ സ്കൂളായ തട്ടത്തുമല ഗവ.എച്ച്.എസ്.എസിനെ സംരക്ഷിക്കുക, സ്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുക, പഠിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിക്കുക, അദ്ധ്യാപകരെ ആദരിക്കുക തുടങ്ങിയ ബഹുമുഖ കർമ്മപദ്ധതികളുമായി കഴിഞ്ഞ വർഷം മുതൽ പി.ടി.എയ്ക്ക് പുറമേ നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് സ്കൂൾ വികസന സമിതി രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം കിളിമാനൂർ ബ്ലോക്കിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിൽനിന്നും പ്രസ്തുത പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കാൻ അനുമോദന സമ്മേളനം നടത്തുകയും വിജയിച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനായി വികസന സമിതി സ്വരൂപിച്ച പണത്തിൽ മിച്ചമുണ്ടായിരുന്നത് ചെലവഴിച്ച് വിദ്യാർത്ഥികൾക്കും സ്കൂളിനും പ്രയോജനപ്പെടുന്ന വിവിധ പരിപാടികൾ പിന്നീടും സ്കൂളിൽ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം വികസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് നാട്ടുകാർക്കും നാട്ടിലുള്ള പൂർവ്വവിദ്യാർത്ഥികൾക്കും പുറമേ പ്രവാസികളായ തട്ടത്തുമല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും നിർലോഭമായ സഹായങ്ങൾ നൽകിയിരുന്നു. ഇത്തവണയും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായുള്ള ഈ പരിപാടികൾ പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും രക്ഷകർത്താക്കളും ചേർന്ന് വിജയിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പരീക്ഷയിൽ കിളിമാനൂർ മേഖലയിലെ ഉയർന്ന വിജയശതമാനം (97.4) തട്ടത്തുമല ഗവ.എച്ച്.എസ്.എസ് കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷത്തെ പ്ലസ്-ടു റിസൾട്ടും ഏതാനും ദിവസങ്ങൾക്കുള്ളിൽ വരും. അതിലും കഴിഞ്ഞ വർഷത്തെപ്പോലെ മികച്ച വിജയം പ്രതീക്ഷിക്കുന്നു.

ഇത്തവണയും എസ്.എസ്.എൽ.സി പ്ലസ്- ടൂ പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനും സ്കൂൾ അദ്ധ്യാപകരെയും പരിസരത്തെ പാരലൽ കോളേജ് അദ്ധ്യാപകരെയും ആദരിക്കുന്നത്തിനും വിജയികളായ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നതിനുമായി സ്കൂളിൽ അനുമോദന സമ്മേളനം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. ഇതിലേയ്ക്ക് നല്ലൊരു സാമ്പത്തിക ബാദ്ധ്യത പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും നാട്ടിലും വിദേശത്തുമുള്ള പൂർവ്വവിദ്യാർത്ഥികളും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടുകാരും ഉദ്യോഗാർത്ഥികളും വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർത്ഥികൾ ‌(പ്രവാസികൾ അടക്കം‌) പലരും മുൻ‌വർഷത്തെ പോലെ ഇത്തവണയും അവരവരുടെ ശേഷിക്കനുസരിച്ച സംഭാവനകൾ വാഗ്‌ദാനം നൽകിയിട്ടുണ്ട്. പലരും ഇതിനകം സംഭാവനകൾ നൽകിയിട്ടുമുണ്ട്. ഇപ്പോൾ കാനഡയിൽ റിസർച്ച് സ്കോളർ ആയിട്ടുള്ള നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സിയാദും സുഹൃത്തുക്കളും ചേർന്ന് - (സിയാദ് ഉബൈദ് (കാനഡ)
ജിതീഷ് കുമാർ (ജപ്പാൻ), ജോമോൻ മാത്യൂ (ഇസ്രായേൽ), റിയാ റച്ചേൽ (ഡൽഹി),
അമൽ മേരീ ജോസ് (കാനഡ‌)-  നിർദ്ധനരായ പത്ത്  കുട്ടികൾക്ക് ഓരോരുത്തർക്കും പാഠപുസ്തകങ്ങൾ, നോട്ട് ബൂക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്, ഓരോ ജോഡി യൂണിഫോം എന്നിവ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുള്ള പണം ഉടൻ അവർ എത്തിക്കുന്നതാണ്.

ഇനിയും നാട്ടിലും വിദേശത്തുമുള്ള നമ്മുടെ സ്കൂളിനെ സ്നേഹിക്കുന്ന നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും രക്ഷകർത്താക്കളും നമ്മുടെ സ്കൂളിന്റെ നന്മയ്ക്കായി കഴിയുന്നത്ര സഹായങ്ങൾ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും വിധത്തിലുള്ള സഹായം എത്തിക്കാൻ കഴിയുന്നവർ ഉടൻ ബന്ധപ്പെടുക. മേയ് 20 നോ 22 നോ ആയിരിക്കും അനുമോദന സമ്മേളനം നടക്കുക. ഇപ്പോൾ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളിൽ മിച്ചമുണ്ടെങ്കിൽ അത് കഴിഞ്ഞ വർഷത്തെ പോലെ സ്കൂളിൽ പഠന സഹായവുമായി ബന്ധപ്പട്ടകാര്യങ്ങൾക്കും സ്ക്കൂളിന്റെ ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കും.

നമ്മുടെ നാട്, നമ്മുടെ സ്കൂൾ; അത് നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണ്. എല്ലാവരും സഹകരിക്കുക.

സംഭാവനകൾ അയക്കാൻ ആഗ്രഹിക്കുന്നവർ ഇ.എ.സജിം, കെ.ജി. ബിജു എന്നിവരെയോ, വികസന സമിതിയുമായി ബന്ധപ്പെട്ട മറ്റുള്ള ആരെയെങ്കിലുമോ ഉടൻ ബന്ധപ്പെടുക. പ്രവാസികൾക്ക് സംഭാവനകൾ അയക്കാൻ ആ‍വശ്യമെങ്കിൽ അറിയിച്ചാൽ ബാങ്ക് അക്കൌണ്ട് നമ്പർ അയച്ചു തരുന്നതാണ്. ബാങ്ക് അക്കൌണ്ട് വഴി സംഭവനകൾ അയക്കുന്നവർ നിർബന്ധമായും ആ വിവരം ടെലിഫോൺ, മെസ്സേജ്, ഇ-മെയിൽ എന്നിവ വഴിയോ ഫെയ്സ് ബൂക്ക്, ബ്ലോഗ് എന്നിവ വഴി പരസ്യമായോ അറിയിച്ചിരിക്കണം. ഇവിടെ കമന്റ് വഴിയും പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക് ഇപ്പോൾ ബന്ധപ്പെടാവുന്ന നമ്പരുകൾ:

9446272270-ഇ.എ.സജിം
9447791544-കെ.ജി.ബിജു

email: easajim@gmail.com

തട്ടത്തുമല ഗവ.എച്ച്.എസ്.എസ് വികസനസമിതിയ്ക്കുവേണ്ടി പ്രസിദ്ധീ‍കരിക്കുന്നത്.

Thursday, 26 July 2012

കുരീപ്പുഴയെത്തി; കുട്ടികൾ ഉഷാറായി!

കുരീപ്പുഴയെത്തി; കുട്ടികൾ ഉഷാറായി!

2012 ജൂലായ് 26: തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ കവി കുരീപ്പുഴ ശ്രീകുമാറെത്തി. ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത ഒരു അനുമോദന സമ്മേളനത്തിനാണ് അദ്ദേഹം എത്തിയത്. പാട്ടും പറച്ചിലുമായി ഒരു മണിക്കൂറോളം കുരീപ്പുഴ കുട്ടികൾക്ക് അറിവും സന്തോഷവും നൽകി. സ്കൂൾ വികസന സമിതി സ്പോൺസർ ചെയ്തതായിരുന്നു പരിപാടി. ലളീതമെങ്കിലും പ്രിയ കവിയുടെ സാന്നിദ്ധ്യം കൊണ്ട് പരിപാടീ പ്രൌഢ ഗംഭീരമായി. കൊട്ടിയും പാടിയുമാണ് കുട്ടികൾ കവിയെ വരവേറ്റത്.  കൈകൊട്ടും   നാടൻ പാട്ടുകളുടെ കൂട്ട ആലാപനവുമായി  കുട്ടികൾ അവരുടെ ഈ ഇഷ്ട കവിയെ കാത്തിരിക്കുകയായിരുന്നു. കുരീപ്പുഴ മൈക്കിനു മുന്നിൽ എത്തുമ്പോൾ തന്നെ  ഇഷ്ടകവിതകൾ  കവിയെക്കൊണ്ട് ചൊല്ലിക്കുവാൻ  കുട്ടികൾ മത്സരിച്ച് ആവശ്യപ്പെടുന്നുണ്ടായിരുന്നു. തങ്ങൾക്ക് മലയാളപാഠപുസ്തകത്തിൽ  പഠിക്കാനുള്ള കവിതയെഴുതിയ കവിയെ നേരിട്ട് കണ്ടതിന്റെ കൌതുകം കൂടിയായപ്പോൾ കുട്ടികൾ ആവേശഭരിതരാകുകയായിരുന്നു. കുട്ടികൾപ്പൊപ്പം കുരീപ്പുഴയുടെ സർഗ്ഗ സല്ലാപത്തിന്റെ കൂടി നിമിഷങ്ങളായിരുന്നു സദസ്സ് അനുഭവിച്ചറിഞ്ഞത്.


ബാലസംഘം  തിരുവനന്തപുരം  ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രൊ. എ.സുധാകരൻ സ്മാരക  കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തട്ടത്തുമല ഗവ.എച്ച്.എസ്. എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി സുതിനാ സുഗതനെയും,  ഡോക്ടറേറ്റ് നേടിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ബി.എൽ.വിനുവിനെയും അനുമോദിക്കുന്നതിന്  തട്ടത്തുമല സ്കൂൾ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ   2012 ജൂലൈ 26- വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച്  അനുമോദന സമ്മേളനം നടന്നു.  ഈ അനുമോദന സമ്മേളനത്തിൽ  വിശിഷ്ടാതിഥിയായി വന്നതാണ് കുരീപ്പുഴ ശ്രീകുമാർ. കഥാരചനയ്ക്ക് സമ്മാനം നേടിയ സുതിനയ്ക്ക് സ്കൂൾ വികസന സമിതി വാങ്ങി നൽകിയ ബഷീർ കൃതികൾ അടങ്ങുന്ന പുസ്തകക്കെട്ടും,  ഡോ.വിനുവിന് സ്കൂൾവക ഷീൽഡും കുരീപ്പുഴ ശ്രീകുമാർ നൽകി. 


Monday, 16 July 2012

അനുമോദനം


അനുമോദനം

ബാലസംഘം  തിരുബനന്തപുരം ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രൊ. എ.സുധാകരൻ സ്മാരക  കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തട്ടത്തുമല ഗവ.എച്ച്.എസ്. എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി സുതിനാ സുഗതനെയും,  ഡോക്ടറേറ്റ് നേടിയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ബി.എൽ.വിനുവിനെയും തട്ടത്തുമല സ്കൂൾ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. 2012 ജൂലൈ 26- വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് തട്ടത്തുമല ഗവ.എച്ച്.എസ്.എസിൽ വച്ച നടക്കുന്ന അനുമോദന സമ്മേളനത്തിൽ പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ വിശിഷ്ടാതിഥിയായിരിക്കും. പ്രസ്തുത പരിപാടിയ്ലേയ്ക്ക് ഏവരുടെയും സഹായ സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നു.

                                                    സ്നേഹപൂർവ്വം

സ്കൂൾ വികസന സമിതി, തട്ടത്തുമല